10:37am 16 August 2026
NEWS
മെസി വരുമെന്ന വാഗ്ദാനത്തിന്റെ മറവിൽ കോടികളുടെ നികുതിവെട്ടിപ്പ്? അന്വേഷണസംഘം നാളെ കാഞ്ഞങ്ങാട്ട്
16/08/2026  08:06 AM IST
nila
മെസി വരുമെന്ന വാഗ്ദാനത്തിന്റെ മറവിൽ കോടികളുടെ നികുതിവെട്ടിപ്പ്? അന്വേഷണസംഘം നാളെ കാഞ്ഞങ്ങാട്ട്

തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ വീണ്ടും അന്വേഷണത്തിൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ 22.68 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശികയിലാണ് പ്രത്യേക അന്വേഷണസംഘം നാളെ മുതൽ പരിശോധന നടത്തുന്നത്.

ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കാഞ്ഞങ്ങാട്ടെത്തുക. കാഞ്ഞങ്ങാട് ജിഎസ്ടി ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കമ്പനി ജിഎസ്ടി ഇനത്തിൽ 22.68 കോടി രൂപ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. 2025 ജൂണിലായിരുന്നു കണ്ടെത്തൽ.

കമ്പനിക്ക് അഞ്ച് തവണ നോട്ടീസ് നൽകിയിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് വിവരം. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകി. എന്നാൽ, നികുതി കുടിശ്ശിക സംബന്ധിച്ച് തുടർനടപടി വൈകിയതും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ജിഎസ്ടി ഇൻറലിജൻസ് ഓഫീസറുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

രേഖകൾ പരിശോധിക്കും

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഫയലുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ-വേ ബില്ലുകൾ തുടങ്ങിയവ സംഘം പരിശോധിക്കും. നികുതി വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിന്നീട് സ്ഥലംമാറ്റിയതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന ഇടപാടുകളിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നതിലാണ് വിശദമായ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ബുധനാഴ്ചയോടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് സാധ്യത. മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക ഇടപാടുകളിലും സർക്കാർ അന്വേഷണം ഉണ്ടായേക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img